Mon. Dec 23rd, 2024
തിരുവനന്തപുരം:

മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവൻ. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി നിലപാട് അന്തിമമാണ്.

കെകെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. ആർ ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും.

എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി എൻ വാസവൻ, വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്.

അതേസമയം, ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500ലേറെ പേരെ പങ്കെടുപ്പിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ കെജെ പ്രിൻസാണ് ഹർജി നൽകിയത്.

ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പൊതുസമൂഹത്തിൽ നിന്നടക്കം വലിയ എതിർപ്പുകളാണ് ഉയർന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾ പോലും എതിർക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, സത്യപ്രതിജ്ഞ ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് ഇടതുമുന്നണിയുടെ വാദം.

By Divya