ജിദ്ദ:
ഈദുൽഫിത്ർ അവധി ദിവസങ്ങളിൽ മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേർന്ന നിരവധി പേർ വിവിധ മേഖലകളിൽ പിടിയിലായി. കൊവിഡ് വ്യാപനം കുറക്കാൻ ഒത്തുചേരലിന് നിശ്ചയിച്ച മുൻകരുതൽ നടപടികൾ ലംഘിച്ചതിനെ തുടർന്നാണ് റനിയ, ജിസാൻ, ഹുദൂദ് ശിമാലിയ, നജ്റാൻ എന്നിവിടങ്ങളിൽ നിരവധി പേരെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കൊവിഡ് വ്യാപനം കുറക്കാൻ വ്യക്തി, കുടുംബം, കുടുംബേതര സംഗമങ്ങളിൽ പാലിക്കേണ്ട പരിഷ്കരിച്ച പ്രോട്ടോക്കോളുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മക്ക മേഖലയിലെ റനിയ ഗവർണറേറ്റിൽ ആരോഗ്യ പ്രതിരോധ മുൻകരുതൽ ലംഘിച്ച് സംഗമിച്ച 60 സ്വദേശികളാണ് പിടിയിലായത്. ഒത്തുചേരലിനു നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിച്ചവരാണിവരെന്ന് മക്ക മേഖല പൊലീസ് വക്താവ് വ്യക്തമാക്കി.