Mon. Dec 23rd, 2024
ഗുജറാത്ത്:

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റ് ദുര്‍ബലമായെന്നും കഴിഞ്ഞ ആറ് മണിക്കൂറായി വേഗത 11 കിലോമീറ്ററായി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റ് കടന്ന് പോയ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി വീടുകൾ തകരുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൗരാഷ്ട്ര മേഖലയിലെ തീരമേഖലക്ക് സമീപമാണ് കാറ്റിന്‍റെ സ്ഥാനം. നാലര മണിക്കൂർ സമയമെടുത്താണ് കാറ്റ് കര പതിക്കുന്നത്.

ഗുജറാത്ത് തീരത്തെ വൈദ്യുതി വിതരണവും മൊബൈൽ നെറ്റ് വർക്കുകളും ചുഴലിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ടു. ഗുജറാത്ത്, ദിയു തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു.

മണിക്കൂറിൽ 114 കിലേമീറ്റർ വേഗതയിലാണ് മുംബൈയയിൽ ടൗട്ടെ ആഞ്ഞടിച്ചത്. സൗരാഷ്ട്ര, ദിയു, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ചുഴലിക്കാറ്റിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മുഖ്യമന്ത്രിമാരുമായും ദമൻ ദിയു ലെഫ്റ്റനന്‍റ് ഗവർണറുമായും സംസാരിച്ചു.

ദുരന്ത നിവാരണ സേനകളുടെ 54 സംഘങ്ങളെ ഗുജറാത്തിൽ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് കെയർ സെന്‍ററുകളിലെ വൈദ്യുതിയും ഓക്സിജനും മുടങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് മുംബൈയിലെ താത്കാലിക കൊവിഡ് കെയർ സെന്‍ററുകളിൽ നിന്ന് രോഗികളെ മാറ്റിപാർപ്പിച്ചു. ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By Divya