Wed. Nov 6th, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്ത ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും അത് വളരെക്കുറവാണെന്നും കുത്തിവെപ്പിന്റെ പ്രതികൂലഫലങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

വാക്‌സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം നിർദ്ദേശിച്ച സമിതിയാണ് എഇഎഫ്ഐ (അഡ്വേഴ്‌സ് ഇവന്റ്സ് ഫോളോവിങ് ഇമ്യുണൈസേഷൻ). ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന് പിന്നാലെ രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ചുപേരിൽ മാത്രമെന്ന് എഇഎഫ്ഐ കണ്ടെത്തി.

700 കേസുകളിൽ ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കി. ഇതിൽ 26 എണ്ണത്തിൽ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതെന്നും സമിതി പറയുന്നു.

അതേസമയം രാജ്യത്ത് ഇന്നലെ 2,81,386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4106 പേർ രോഗബാധിതരായി മരണപ്പെട്ടു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

By Divya