Thu. Dec 19th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി കാബിനറ്റിലെ മന്ത്രിസ്ഥാന വിഭജനത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കിട്ടു നല്‍കാന്‍ ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. എല്ലാ പാര്‍ട്ടികളും മന്ത്രിമാരെ ഇന്നും നാളെയുമായി തീരുമാനിക്കും.

12 മന്ത്രിമാരും സ്പീക്കറും സിപിഐഎമ്മിന്, സിപിഐക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, കേരളാ കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനങ്ങള്‍, ഭാഗ്യം കനിഞ്ഞാല്‍ ചീഫ് വിപ്പുസ്ഥാനം കൂടി കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. ഒരു മന്ത്രിസ്ഥാനമാണെങ്കില്‍ പൊതുമരാമത്ത് ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നിനായി അവര്‍ സമ്മര്‍ദം ചെലുത്തും.

കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവരായിരിക്കും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുക. കെ ബി ഗണേഷ് കുമാറിനും ആന്റണി രാജുവിനും ആദ്യ അവസരം ലഭിക്കുമെന്നാണ് സൂചന. കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിനും രണ്ടര വര്‍ഷം കാത്തിരിക്കേണ്ടി വരും.

ജനതാദള്‍ എസുമായുള്ള ലയനം യാഥാര്‍ത്ഥ്യമാക്കാത്ത ലോക് താന്ത്രിക് ജനതാദളിനും മുന്നണിക്ക് പുറത്തു നിന്ന് സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോനും അവസരമുണ്ടാകില്ല. എല്‍ഡിഎഫ് ഔദ്യോഗികമായി മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നതോടെ പാര്‍ട്ടികള്‍ മന്ത്രിമാരെ തീരുമാനിക്കുന്ന പ്രക്രിയകളിലേക്ക് കടക്കും.

നാളെ വൈകിട്ട് നാലിന് എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗം പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ അറിയിച്ചാല്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കും.

By Divya