Sat. Nov 23rd, 2024
ന്യൂഡൽഹി:

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടക്കുക. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗത്തില്‍ പരീക്ഷ സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

സുപ്രിംകോടതി നിര്‍ദേശിച്ചത് പോലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇനിയും സമയം എറെ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചര്‍ച്ച നീങ്ങുന്നത്. മാത്രമല്ല പരീക്ഷാഫലം വൈകുന്നത് വിദേശ യൂണിവേഴ്‌സിറ്റികളിലടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തടസമാകും.

സിബിഎസ്ഇ ആകട്ടെ അന്തിമ തീരുമാനം ഇനിയും കൈകൊണ്ടിട്ടും ഇല്ല. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലും ആണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.

കൊവിഡ് ഒന്നാം തരംഗത്ത അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ അവസ്ഥ നാലിരട്ടിയിലേറെ മോശമായതിനാല്‍ സ്‌കൂളുകള്‍ കൂടുതല്‍ നാള്‍ അടച്ചിടാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇന്നത്തെ യോഗം.

ഏപ്രില്‍ 14നാണ് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദ് ചെയ്തും 12ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചും ഉത്തരവിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമായിരുന്നു അന്നത്തെ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ഇന്നത്തെ ഉന്നതതല ചര്‍ച്ച. അതേസമയം പരീക്ഷ റദ്ദാക്കിക്കൊണ്ട് 12ാം ക്ലാസ് വിദ്യാര്‍ത്ഥികളെ പാസാക്കാന്‍ ഒരുക്കമല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

By Divya