Sun. Dec 22nd, 2024
യുണൈറ്റഡ് നേഷൻസ്:

ഇസ്രായേൽ ​ഗസ്സയിലെ ജനതക്ക് മേൽ നടത്തുന്ന ആക്രമണങ്ങളിൽ നടുക്കം രേഖപ്പെടുത്തി യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ​ഗുട്ടറസ്. പലസ്തീനിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ തകർത്ത നടപടി അറിഞ്ഞപ്പോൾ സെക്രട്ടറി ജനറൽ അസ്വസ്ഥനായെന്നും യു എൻ വക്താവ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും സിവിലിയൻമാർക്ക് നേരെയും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും ഇരുകൂട്ടരും ഇത് ഒഴിവാക്കണമെന്നും യു എൻ സെക്രട്ടറി അറിയിച്ചതായി യു എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.

അതിനിടെ, അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് യു എൻ സുരക്ഷാ സമിതി ചേരുന്നുണ്ട്. തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ഇസ്രായേൽ ബോംബുവർഷം തുടരുകയാണ്. 41 കുട്ടികളും 22 സ്​ത്രീകളുമുപെടെ 150 പേരാണ്​ ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. ഇനിയും തുടരുമെന്നും വരുംദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു വ്യക്തമാക്കി.

By Divya