ന്യൂഡൽഹി:
കൊവിഡ് മഹാമാരിയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെയും വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒന്നുണ്ട്, രാജ്യ തലസ്ഥാനത്ത് മാസങ്ങളായി നടക്കുന്ന കർഷക സമരം. കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കുറിച്ച് രാജ്യത്തെ വീണ്ടും ഓർമിപ്പിക്കുകയാണ് ഒളിമ്പ്യനും ബോക്സിങ് താരവുമായ വിജേന്ദർ സിങ്.
‘നിങ്ങൾ ഞങ്ങളെ മറന്നില്ലെന്ന് കരുതുന്നു. ഭാവിക്ക് വേണ്ടി ഞങ്ങൾ ഇവിടെ കർഷക സമരം തുടരുകയാണ്’ ഇങ്ങനെ എഴുതിയ ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. സമരഭൂമിയിൽ ഇരിക്കുന്ന കർഷകനെയാണ് പോസ്റ്ററിൽ കാണാനാകുക. ‘കിസാൻ ഏകത സിന്ദാബാദ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് വിജേന്ദർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ നേരത്തെ വിജേന്ദർ സിങ് അണിചേർന്നിരുന്നു. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.