Mon. Dec 23rd, 2024
തിരുവനന്തപുരം:

അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ നേവൽ ഏജൻസിയായ JTWC (JointTyphoon Warning Centre) ആണ് ഇപ്പോൾ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ  204 കിലോമീറ്റർ വേഗത്തിൽ വരെ ചുഴലിക്കാറ്റാൻ വീശാൻ സാധ്യതയുണ്ടെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെയോടെ അതിതീവ്രന്യൂനമർദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ പ്രവചനം.

അതേസമയം മെയ് 31-ന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മെയ് 31-ന് നാല് ദിവസം മുൻപോട്ടോ പിന്നോട്ടോ ആയിട്ടാവും കേരളത്തിൽ കാലവർഷമഴ ആരംഭിക്കുകയെന്നാണ് പ്രവചനം. നിലവിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മൺസൂണിൻ്റെ വരവിനെ സ്വാധീനിക്കുമോ എന്ന് വ്യക്തമല്ല.

By Divya