Thu. Jan 23rd, 2025
സിഡ്നി:

ഓസ്ട്രേലിയയ്ക്കാകെ നാണക്കേടായി മാറിയ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ അച്ചടക്ക നടപടിക്കു വിധേയനായ ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാട്ടുന്ന വിവരം അന്ന് ഓസീസ് ടീമിൽ അംഗങ്ങളായിരുന്ന ബോളർമാർക്കും അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ.

പന്തു ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ടത് ബാൻക്രോഫ്റ്റിനു പുറമെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർ മാത്രമാണ്. ഇതിനിടെയാണ് കൂടുതൽ ഓസീസ് താരങ്ങൾക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് സൂചന നൽകിയത്.

2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് പന്തിൽ കൃത്രിമം കാട്ടി ഓസീസ് താരങ്ങൾ മത്സരം വരുതിയിലാക്കാൻ ശ്രമിച്ചത്. സംഭവം കയ്യോടെ പിടിക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്രിക്കറ്റിന് വൻ നാണക്കേടായി മാറിയിരുന്നു.

തുടർന്ന് മൂവർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തി. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ തനിക്കാണ് ഉത്തരവാദിത്തമെങ്കിലും, ടീമിലെ പലർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് സൂചന നൽകി.

‘നോക്കൂ, ഈ സംഭവത്തിൽ എന്റെ പങ്കുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവാദിത്തം എനിക്കുണ്ട്. ബോളർമാരെ സഹായിക്കാനാണ് അത്തരമൊരു പ്രവർത്തി ഞാൻ ചെയ്തത്. സ്വാഭാവികമായും ഇക്കാര്യത്തിൽ ആർക്കൊക്കെ അറിവുണ്ടെന്നത് അതിൽത്തന്നെ വ്യക്തമാണല്ലോ’   ഒരു അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് പറഞ്ഞു.

By Divya