കുവൈത്ത് സിറ്റി:
കുവൈത്തിൽ മൂന്നാംഘട്ട ഫീൽഡ് കൊവിഡ് വാക്സിനേഷൻ കാമ്പയിൻ ഈ ആഴ്ച തുടക്കം കുറിക്കും. പെരുന്നാൾ അവധി ദിവസങ്ങൾക്ക് ശേഷമാണ് കാമ്പയിൻ ആരംഭിക്കുക.
മേയ് 12 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി.
ഒന്നാംഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്. 5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു.
ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു. രണ്ടാം ഘട്ടത്തിൽ ഷോപ്പിങ് മാളുകളാണ് പരിഗണിച്ചത്. അടുത്ത ഘട്ടത്തിൽ ബാക്കിയുള്ള ഷോപ്പിങ് കോംപ്ലക്സുകളിലായിരിക്കും എന്നാണ് വിവരം.
ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യപരിഗണന.