തിരുവനന്തപുരം:
മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.
പതിനാറാം തീയ്യതിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്തത വരും.