ജറൂസലം:
ഇടവേളക്കുശേഷം വീണ്ടും ഗാസക്കു മേൽ അഗ്നി വർഷിച്ച പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു അതുവഴി എളുപ്പം ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ് പാർട്ടി നേതാവിന് രണ്ടുവർഷത്തിനിടെ തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകൾ കഴിഞ്ഞും ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപവതക്രണം പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ പ്രസിഡന്‍റ് പ്രതിപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് യായർ ലാപിഡ് മന്ത്രിസഭ രൂപവത്കരണ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗാസക്കു മേൽ പതിച്ച ബോംബുകൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ജൂത, ഫലസ്തീനി വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത ഇത് വീണ്ടും രൂക്ഷമാക്കി. ഇതോടെ ലാപിഡിന് പിന്തുണക്കേണ്ട അറബ് കക്ഷി മന്ത്രിസഭ രൂപവത്കരണ ചർച്ചകളിൽനിന്ന് പിന്മാറി.
ജൂൺ രണ്ടിനകം സഖ്യസർക്കാർ രൂപവത്കരിക്കണമെന്ന സമയപരിധി ലാപിഡിന് പാലിക്കാനാകില്ലെന്നതാണ് സ്ഥിതി. പാലസ്തീനികളെ നേരിടാൻ കരുത്തുറ്റ നേതാവ് എന്ന ലാബൽ ഉയർത്തിക്കാട്ടി മന്ത്രിസഭ ഉണ്ടാക്കാനാണ് നെതന്യാഹുവിന്‍റെ നീക്കം. ഇത് വിജയം കാണുമെന്നാണ് ഏറ്റവുമൊടുവിലെ സൂചനകൾ.