മാഞ്ചസ്റ്റർ:
ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ പ്രതിഷേധം മൂലം പുതുക്കിയ ഷെഡ്യൂൾ പ്രകാരം നടത്തിയ മത്സരത്തിൽ, രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം.
സന്ദർശകർക്കായി ബ്രസീൽ താരം റോബർട്ടോ ഫിർമീനോ ഇരട്ടഗോൾ നേടി. 45+3, 47 മിനിറ്റുകളിലായിരുന്നു ഫിർമീനോയുടെ ഗോളുകൾ. ഡീഗോ ജോട്ട (34), മുഹമ്മദ് സലാ (90) എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് (10), മാർക്കസ് റാഷ്ഫോർഡ‍് (68) എന്നിവരും ഗോൾ നേടി.
ഇത്തവണയും സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴാണ് ഇരു ടീമുകളും കളത്തിൽ ഏറ്റുമുട്ടിയത്. വിജയത്തോടെ 35 കളികളിൽനിന്ന് 60 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു മത്സരം കുറച്ചുമാത്രം കളിച്ച ലിവർപൂൾ നാലാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറച്ചു. ഇതോടെ, ചെമ്പടയുടെ ചാംപ്യൻസ് ലീഗ് പ്രതീക്ഷയും സജീവമായി.
35 കളികളിൽനിന്ന് 80 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഇത്തവണ കിരീടമുറപ്പിച്ചു കഴിഞ്ഞു. തോറ്റെങ്കിലും 36 കളികളിൽനിന്ന് 70 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതുണ്ട്. 36 കളികളിൽനിന്ന് 66 പോയിന്റുമായി ലെസ്റ്റർ സിറ്റി മൂന്നാമതും 64 പോയിന്റുമായി ചെൽസി നാലാമതുമാണ്.