Thu. Dec 19th, 2024
ചെന്നൈ:

തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയ​ത്തിന്​ പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ​ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക്​ പിന്നാലെ രണ്ടു സംസ്​ഥാന നേതാക്കൾ കൂടി പാർട്ടിയിൽനിന്ന്​ രാജിവെച്ചു. മുൻ ഐഎഎസ്​ ​ഓഫിസറും എംഎൻഎമ്മിന്‍റെ ജനറൽ സെക്രട്ടറിയുമായ സ​ന്തോഷ്​ ബാബുവും സംസ്​ഥാന സെക്രട്ടറിയുമാണ്​ രാജിവെച്ചവർ.

വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജി. എംഎൻഎമ്മിന്‍റെ വേളാ​ച്ചേരി സ്​ഥാനാർത്ഥിയായിരുന്നു സന്തോഷ്​ ബാബു. പദ്​മപ്രിയ മധുരവയലിൽനിന്നും ജനവിധി തേടിയിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഒരാൾക്കുപോലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

നേരത്തേ പാർട്ടിയുടെ മുതിർന്ന അംഗങ്ങൾ രാജിവെച്ച്​ പോയത്​ കമൽ ഹാസന്​ തലവേദനയായിരുന്നു. ഇതിനു​പിന്നാലെയാണ്​ മറ്റു സംസ്​ഥാന നേതാക്കളുടെ രാജിയും.
വൈസ്​ പ്രസിഡന്‍റ്​ ആർ ​മഹേന്ദ്രൻ, എം മുരുഗാനന്ദം, മുൻ ഐപിഎസ്​ ഓഫിസർ എജി മൗര്യ, തങ്കവേൽ, ഉമാദേവി, സികെ കുമാരവേൽ, ശേഖർ, സുരേഷ്​ ​അയ്യർ എന്നിവരാണ്​ നേരത്തേ രാജിവെച്ചവർ.

പാർട്ടിയെ പിന്നിൽനിന്ന്​ കുത്തിയവരാണെന്നും ചതിയൻമാരാണെന്നുമായിരുന്നു നേതാക്കൾ രാജിവെച്ചതിൽ കമൽ ഹാസന്‍റെ പ്രതികരണം. 2019ൽ ലോക്​സഭ തിരഞ്ഞെടുപ്പിൽ 3.7 ശതമാനം വോട്ട്​ മക്കൾ നീതി മയ്യത്തിന്​ ലഭിച്ചിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ്​ ശതമാനം 2.52 ആയി കുറഞ്ഞു.

വോട്ടിങ്​ ശതമാനം കുറഞ്ഞത്​ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ കാരണ​മാകുകയായിരുന്നു.

By Divya