ന്യൂഡൽഹി:
രാജ്യത്തെ കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സീൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സീനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്.
റഷ്യയുടെ സ്പുട്നിക് വാക്സീൻ അടുത്തയാഴ്‌ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും. കൊവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്.
ഗർഭിണികൾ വാക്സീൻ സ്വീകരിക്കണോ എന്ന തീരുമാനം അവർക്ക് തന്നെ വിട്ടു നല്കും. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല. കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ.
കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്. നിലവിൽ കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്.
കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാർശയിലില്ല. കൊവിഡ് 19 വാക്സീൻ അഡ്മിനിസ്ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാർശകൾ പോവുക