Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം കയ്യാളുന്ന വകുപ്പുകളിൽ ഉൾപ്പെടെ മാറ്റം വരും. പുതിയ ഘടകകക്ഷികൾ മന്ത്രിസഭയിലെത്തുന്ന സാഹചര്യത്തിൽ ഈ അഴിച്ചുപണി ഒഴിവാക്കാനാവില്ല. സിപിഎം, സിപിഐ, ജനതാദൾ (എസ്), എൻസിപി, കോൺഗ്രസ് (എസ്) കക്ഷികൾക്കാണ് നിലവിൽ മന്ത്രിസഭയിൽ പ്രാതിനിധ്യം.

ഇവരിൽ കോൺഗ്രസ് (എസ്) ഒഴിവാകാനും പുതുതായി 3 ഘടകകക്ഷികൾ വരാനുമാണു സാധ്യത. മന്ത്രിസഭയുടെ അംഗബലം ഇരുപതിൽ നിന്ന് 21 ആകുകയും ചെയ്യും. വകുപ്പു പുനർവിഭജനത്തിലൂടെയല്ലാതെ എല്ലാവർക്കും മതിയായ പ്രാതിനിധ്യം ലഭിക്കില്ല.

ആദ്യഘട്ട ഉഭയകക്ഷി ചർച്ചയിൽ വകുപ്പുകളിലേക്കു കടക്കാൻ സിപിഎം തയാറായില്ല. ഓരോ പാർട്ടിയുടെയും പ്രാതിനിധ്യം അന്തിമമാക്കിയ ശേഷം വകുപ്പുകളുടെ കാര്യം ആലോചിക്കാമെന്നാണു ഘടകകക്ഷികളെ അറിയിച്ചത്.

കേരള കോൺഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനമേ ഉറപ്പായിട്ടുള്ളൂ. പൊതുമരാമത്ത്, ജലവിഭവം, കൃഷി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കു താൽപര്യം. ഇതിൽ പൊതുമരാമത്ത് സിപിഎമ്മും കൃഷി സിപിഐയും കൈവശം വയ്ക്കുന്ന വകുപ്പുകളാണ്. ജലവിഭവം ജനതാദളിന്റെ (എസ്) പക്കലും.

സിപിഐയുടെ പക്കലുള്ള റവന്യു, കൃഷി, വനം, ഭക്ഷ്യം വകുപ്പുകളുടെ കാര്യത്തിൽ മാറ്റത്തിനു തയാറാണെന്ന സൂചന പാർട്ടി നൽകുന്നില്ല. കൂടെ കയ്യാളുന്ന ചെറിയ വകുപ്പുകളുടെ കാര്യത്തിൽ നീക്കുപോക്കിന് അവർ തയാറാകും.

ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, വൈദ്യുതി, തദ്ദേശ ഭരണം, സഹകരണം, ടൂറിസം, പട്ടികജാതി–പട്ടികവർഗം, സാംസ്കാരികം എന്നിവ തുടർന്നും സിപിഎം തന്നെ വയ്ക്കും.

മറ്റു വകുപ്പുകളുടെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾക്കു സന്നദ്ധമാകും. കടന്നപ്പള്ളി ഒഴിവായാൽ അദ്ദേഹത്തിന്റെ പക്കലുള്ള തുറമുഖവും മ്യൂസിയവും പൊതു പൂളിലേക്കു വരും. മാറുന്ന മുൻഗണനകളുടെ അടിസ്ഥാനത്തിൽ പുതിയ വകുപ്പുകൾ സംബന്ധിച്ച വിദഗ്ധ നിർദേശങ്ങളും ഉന്നത നേതൃത്വത്തിനു മുന്നിലുണ്ട്.

By Divya