Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി. ഓക്‌സിജൻ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡാനന്തര രോഗമായ മ്യൂക്കോമൈക്കോസിസിനുള്ള മരുന്ന് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. അതേസമയം, പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കും.

ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാരും ശുപാർശ ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 46,781 പുതിയ രോഗികളും 816 പേർ മരിക്കുയും ചെയ്തു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന കേസ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

കർണാടകയിലും തമിഴ്നാട്ടിലും മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. 16,286 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ പുനെയെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത് നഗരമായി ബെംഗളൂരു മാറി. പത്ത് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് ബെംഗളുരുവിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

By Divya