Thu. Jan 9th, 2025
ന്യൂഡൽഹി:

വീട്ടുതടങ്കലിന് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി. ഭീമ കൊറേഗാവ് കേസിലെ പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ക്രിമിനൽ നടപടിക്രമത്തിലെ 167ആം വകുപ്പ് പ്രകാരം വീട്ടുതടങ്കലിന് ഉത്തരവിടാൻ കോടതികൾക്ക് കഴിയും. കുറ്റാരോപിതന്റെ പ്രായം, ആരോഗ്യം, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ പരിഗണിച്ചാകണം തീരുമാനമെന്നും കോടതി നിരീക്ഷിച്ചു.

തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവലഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് കോടതി ശരിവച്ചു. മാർച്ച് 26ന് നവഖല സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയിരുന്നു.

2017 ഡിസംബർ 31ന് ഗൗതം നവലഖ പുനെയിൽ നടത്തിയ പ്രസംഗം, ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എൻഐഎ കേസ്.

By Divya