Fri. Nov 22nd, 2024
കൊല്‍ക്കത്ത:

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരെ രാജി വെപ്പിച്ച് ബിജെപി. ലോക്‌സഭയില്‍ അംഗസംഖ്യ കുറയാതിരിക്കാനാണ് എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നത്. അഞ്ച് എംപിമാരാണ് ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവര്‍ ജയിച്ചു.

ഇവരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചത്. ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. ബിജെപി അധികാരത്തിലേറിയിരുന്നെങ്കില്‍ പ്രധാന ചുമതലകള്‍ ലഭിച്ചേനെ. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് എംപിയായി തുടരാന്‍ പാര്‍ട്ടി പറയുന്നു. ഞങ്ങള്‍ അത് അനുസരിക്കും-ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, ബംഗാളിലെ മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ക്കും സുരക്ഷ നല്‍കാനുള്ള തീരുമാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊതുപണം ദുരുപയോഗം ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് തൃണമൂല്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ 75 സീറ്റാണ് ബിജെപി നേടിയത്. 200 സീറ്റ് നേടി അധികാരത്തിലേറുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

By Divya