Sun. Jan 19th, 2025
ന്യൂഡല്‍ഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കൊവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിനരോഗികളിൽ 50 ശതമാനം പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.

ഇന്ത്യയിൽ കാണപ്പെടുന്ന കൊവിഡ് 19 വൈറസിന്‍റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുകയാണ്. എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച് വരികയാണ്.

അതേസമയം, രാജ്യത്തെ വാക്സീൻ വിതരണത്തിൽ തുല്യതയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 18-നും 45-നും ഇടയിലെ കുത്തിവയ്പ് 85 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങൾ പലതും 45 വയസ്സിന് താഴെയുള്ളവരുടെ വാക്സീൻ വിതരണം നിർത്തിയിരിക്കുകയാണ്.

തുല്യമായതോ രോഗികളുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിലോ അല്ല വിവിധ സംസ്ഥാനങ്ങളിലേക്ക് കമ്പനികൾ വാക്സീൻ ഡോസുകൾ എത്തിക്കുന്നതെന്നും ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

മെയ് 1 മുതലാണ് 18-നും 45-നും വയസ്സിനും മുകളിലുള്ളവരുടെ വാക്സീനേഷൻ കേന്ദ്രസർക്കാർ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഇതോടനുബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ 50-50 ഫോർമുലയുള്ള വാക്സീൻ നയം വിവാദമാവുകയും ചെയ്തിരുന്നു.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നും വാക്സീൻ 50 ശതമാനം കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും, മറ്റ് 50 ശതമാനം സംസ്ഥാനങ്ങൾ സ്വമേധയാ വാങ്ങണമെന്നുമായിരുന്നു നയത്തിലെ നിർദ്ദേശം.

കേന്ദ്രം നൽകുന്ന 50 ശതമാനം വാക്സീൻ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും അടിയന്തര ആവശ്യമുള്ളവർക്കും നൽകണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾ വാങ്ങുന്ന 50 ശതമാനത്തിൽ നിന്ന് വേണം 45 വയസ്സിൽ താഴെയുള്ളവർക്ക് വാക്സീൻ നൽകാൻ.

By Divya