കോഴിക്കോട്:
മാലാഖമാർ എന്ന് വാഴ്ത്തപ്പെടുമ്പോഴും വിവേചനത്തിൻറെ നടുക്കടലിൽ ഇരുന്നാണ് നഴ്സുമാർ കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നത്. കൊവിഡ് കുതിച്ചുയരുമ്പോൾ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തിൽ നിരവധി പേരെയാണ് ദേശീയ ആരോഗ്യ ദൗത്യം വഴി മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ താൽക്കാലികമായി നിയമിക്കുന്നത്. എന്നാൽ, ഇങ്ങനെ നടത്തുന്ന താൽക്കാലിക നിയമനത്തിൽ നഴ്സുമാരോട് വിവേചനം കാണിക്കുകയാണ് അധികൃതർ.
ഡോക്ടര്‍മാര്‍ മുതല്‍ റിസര്‍ച്ച് ഓഫിസര്‍ക്കു വരെ അര്‍ഹമായ ശമ്പളം അനുവദിച്ചപ്പോള്‍ 2016ലെ സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം ശമ്പളംപോലും സ്റ്റാഫ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. 20,000 രൂപയാണ് നഴ്സുമാർക്ക് പ്രഖ്യാപിച്ചിരുന്ന മിനിമം വേതനം. 25 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, 17,800 രൂപയാണ് നിലവിൽ നൽകുന്നത്. പല ആശുപത്രികളും ഈ തുക പോലും നൽകുന്നില്ല. 13,500 രൂപക്ക് നഴ്സുമാരെ നിയമിച്ച ആശുപത്രികളും കേരളത്തിലുണ്ട്.