തിരുവനന്തപുരം:
ഘടക കക്ഷികളുമായുള്ള സിപിഎമ്മിന്റെ രണ്ടാം ദിവസ ഉഭയകക്ഷി ചർച്ച അവസാനിച്ചപ്പോൾ പ്രതീക്ഷ അവസാനിപ്പിക്കാതെ ഏക എംഎൽഎമാരുള്ള ചെറുകക്ഷികൾ. അതേസമയം ചൊവ്വാഴ്ചത്തെ ചർച്ചയിലും മന്ത്രിസഭാ പ്രാതിനിധ്യത്തിൽ കക്ഷി നേതാക്കൾക്ക് ഉറപ്പൊന്നും നൽകാൻ സിപിഎം നേതൃത്വം തയാറായില്ല.
ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്) കക്ഷി നേതൃത്വങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തിയത്.
27 വർഷം എൽഡിഎഫിനൊപ്പം ഉറച്ചുനിന്ന ഐഎൻഎൽ തങ്ങൾക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹതയെ കുറിച്ച് സിപിഎം നേതൃത്വത്തെ ധരിപ്പിച്ചു. എന്നാൽ, ഒരു എംഎൽഎമാരുള്ള അഞ്ച് കക്ഷികളുണ്ടെന്നും 20 സീറ്റ് മാത്രമാണ് മന്ത്രിസഭയിലുള്ളതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. 17ലെ എൽഡിഎഫ് യോഗത്തിനുമുമ്പ് ഒരിക്കൽ കൂടി ഇരിക്കാമെന്ന സിപിഎം വാക്കിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്.
നേതാക്കളായ കാസിം ഇരിക്കൂർ, എപി അബ്ദുൽ വഹാബ്, പി ഹംസ എന്നിവർ പങ്കെടുത്തു.
ഒന്നാം പിണറായി സർക്കാറിൽ മന്ത്രിസ്ഥാനമില്ലാതിരുന്നിട്ടും കാബിനറ്റ് പദവി ലഭിച്ചത് ഓർമിപ്പിച്ചാണ് കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്.
ഏക എംഎൽഎമാരിൽ മുതിർന്ന അംഗമായ തനിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത ചൂണ്ടിക്കാട്ടിയ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജു, ലത്തീൻ സഭാ നേതൃത്വവുമായുള്ള ബന്ധവും ഓർമിപ്പിച്ചു