Sun. Dec 22nd, 2024
ന്യൂഡൽഹി:

സിബിഎസ് ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സജ്ജീകരിച്ചു. എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോർട്ടലിൽ അപ്ലോഡ് ചെയ്യാം. മേയ് ഒന്നാം തീയ്യതി ഇതിനായി പ്രത്യേക മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് പ്രത്യേക മൂല്യനിർണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാർത്ഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാർക്കിലാകും ഫലം.

എല്ലാ സ്കൂളുകളും ജൂൺ അഞ്ചിനകം മാർക്ക് അപ്​ലോഡ് ചെയ്യണം. ഒരിക്കൽ അപ്​ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താൻ കഴിയില്ല. ജൂൺ മൂന്നാം വാരത്തോടെയായിരിക്കും ഫലപ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് ഇ-പരീക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.

By Divya