Wed. Jan 22nd, 2025
കൊല്‍ക്കത്ത:

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് ബിജെപി എംപിമാര്‍, എംഎല്‍എമാരായി സത്യ പ്രതിജ്ഞ ചെയ്യില്ല. ഇരുവരും എം പിമാരായി തുടരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. എം പിമാരായ നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് എം പിയായിരിക്കെ ബംഗാള്‍ നിയമസഭയിലേക്ക് മത്സരിച്ചത്. ജഗന്നാഥ് 15878 വോട്ടിനും പ്രമാണിക് 57 വോട്ടിനുമാണ് ജയിച്ചത്.

കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. പ്രമാണിക് കുച്ച് ബിഹാറില്‍ നിന്നും ജഗന്നാഥ് റാണാഘട്ടില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നൊരുക്കം നടത്തിയിട്ടും ബിജെപിയ്ക്ക് അധികാരത്തിലെത്താനായിരുന്നില്ല.

294 അംഗ നിയമസഭയില്‍ 77 സീറ്റിലാണ് ബിജെപിയ്ക്ക് ജയിക്കാനായത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് ഭയന്നാണ് എംപിമാരോട് എംഎല്‍എ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി പറഞ്ഞതെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ബംഗാള്‍ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ കുറഞ്ഞാലും കുഴപ്പമില്ല എന്ന നിലപാടിലാണ് ബിജെപി.

By Divya