Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കൊവിഡ് വാക്‌സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും സമാനമായ തീരുമാനങ്ങള്‍ പങ്കുവെച്ചിരുന്നു.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞ വിദേശ രാജ്യങ്ങളിലേക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റിയയച്ചിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണെന്ന് വ്യക്തമാക്കുന്ന നടപടികളുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കമാണ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള തീരുമാനെമെടുത്തിരിക്കുന്നത്.

അതേസമയം 18 കോടി വാക്‌സിന്‍ ഇതുവരെ സൗജന്യമായി വിതരണം നടത്തിയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 7,29,610 വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 90 ലക്ഷം വാക്‌സിന്‍ കൂടി വിതരണം ചെയ്യാനുണ്ടെന്നും കേന്ദ്രം അറിയിച്ചു.

By Divya