Wed. Jan 22nd, 2025
ന്യൂഡൽഹി:

വില നിര്‍ണയത്തിലടക്കം കൊവിഡ് വാക്സീന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാവര്‍ക്കും വാക്സീന്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം ജഡ്ജിമാര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ട്. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. വാക്സീന്‍ ലഭ്യതയിലെ പരിമിതി, രോഗവ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേസമയം വാക്സീന്‍ നല്‍കാന്‍ കഴിയുന്നില്ല.

സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ധര്‍, വാക്സീന്‍ നിര്‍മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച ചെയ്താണ് വാക്സീന്‍ നയം തയാറാക്കിയത്. പക്ഷപാതമില്ലെന്ന് ഉറപ്പാക്കുന്നതാണ് നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്. പൊതുപണം വാക്സീന്‍ നിര്‍മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും കേന്ദ്രം വ്യക്തമാക്കി.

സത്യവാങ്മൂലം ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് ജഡ്ജിമാര്‍ക്ക് ലഭിച്ചത്, എന്നാല്‍ മാധ്യമങ്ങള്‍ അതിന് മുന്‍പേ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും അതിനാല്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

By Divya