തിരുവനന്തപുരം:
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ ആര് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്.
ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്.
ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര്‍ ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.