ഇടുക്കി:
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരാള്‍ക്ക് പോലും രോഗം ബാധിക്കാതെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൃത്യമായ ക്വാറന്റീനിലൂടെയാണ് കൊവിഡിനെ അകറ്റി നിര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുന്‍പ് ഇടമലക്കുടിയില്‍ സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 26 നാണ് ഇവിടെ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.
മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും. പുറത്തുനിന്ന് ഉള്ളവരെ ഒരു കാരണവശാലും കോളനികളിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എം കെ വിനോദ് കുമാര്‍ പറഞ്ഞു. അത്യാവശ്യ മരുന്നുകളും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിച്ചുകൊടുക്കുന്നത്.