Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ലോക്താന്ത്രിക് ജനതാദള്‍ നേതൃത്വത്തില്‍ പൊട്ടിത്തെറി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ പദവിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറാണ് പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ഉത്തരവാദിയെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

എല്‍ഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ മൂന്നെണ്ണമാണ് എല്‍ജെഡിക്ക് വിട്ടുനല്‍കിയിരുന്നത്. ഇതില്‍ കല്‍പ്പറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറും വടകരയില്‍ മനയത്ത് ചന്ദ്രനും പരാജയപ്പെട്ടു. സികെ ശശീന്ദ്രന്‍ പതിമൂവായിരത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് ഇക്കുറി മന്ത്രിസ്ഥാനം കിട്ടേണ്ടിയിരുന്ന ശ്രേയാംസ്‌കുമാര്‍ പരാജയപ്പെട്ടത്. കൂത്തുപറമ്പില്‍ കെപി മോഹനന്‍ മാത്രമാണ് എല്‍ജെഡിയില്‍ നിന്ന് ജയിച്ചത്.

ജനറല്‍ സെക്രട്ടറിയായ ഷേക് പി ഹാരിസാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നാലെ മറ്റൊരു ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ളയും വൈസ് പ്രസിഡണ്ട് എ ശങ്കരനും പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവിയും രാജി പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറാണ് പരാജയത്തിന് ഉത്തരവാദിയെന്നും അദ്ദേഹം രാജിവെക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എംവി ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലും പത്രവും പാര്‍ട്ടിയുടെ തോല്‍വിയില്‍ പങ്ക് വഹിച്ചെന്ന ആരോപണം വന്നതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പത്രവും ചാനലും എല്‍ഡിഎഫ് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എംവിശ്രേയാംസ്‌കുമാറിന്റെ തോല്‍വിയില്‍ ആഹ്ലാദമറിയിച്ച് സിപിഐഎം അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റുകളും ചില അംഗങ്ങള്‍ യോഗത്തില്‍ കാണിച്ചു.

By Divya