Mon. Dec 23rd, 2024
ആലുവ:

കൊവിഡ് ചികിത്സക്ക്​ അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ​ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. എറണാകുളം ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.

ചികിത്സാ ഫീസുമായി ബന്ധപ്പെട്ട പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ്​ പറഞ്ഞു. രണ്ട് എഡിഎംഒമാരുടെ നേതൃത്വത്തിലാണ്​ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്​. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ ആശുപത്രിയിൽ അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് 37,352 രൂപയാണ് ഈടാക്കി എന്നായിരുന്നു ഒരു പരാതി. 1,67,381 രൂപയാണ് പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് അൻസൻ എന്ന രോഗിയ്ക്ക് കൊടുക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസം ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയും ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ ചികിത്സയ്ക്ക് ഇവരോട് 24,760 രൂപയാണ് വാങ്ങിയത്.

By Divya