Mon. Dec 23rd, 2024
തിരുവനന്തപുരം:

ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് നിലവിൽവന്നു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വാക്സീൻ സ്വീകരിക്കുന്നതിനും തൊട്ടടുത്തു നിന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും എഴുതിയ സത്യവാങ്മൂലം മതിയാകും.

ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ അന്നത്തേക്കുള്ളതും തൊട്ടടുത്ത ദിവസത്തേക്കുള്ളതുമായ അപേക്ഷകളാണു സ്വീകരിക്കുക. അതുകഴിഞ്ഞുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിങ് മുൻകൂറായി ചെയ്യാൻ കഴിയില്ല. അപേക്ഷ അതത് ജില്ലകളിലെ പൊലീസ് കൺട്രോൾ സെന്ററുകളാണ് അംഗീകരിക്കുക.

അംഗീകരിച്ചാൽ ‘ചെക്ക് സ്റ്റാറ്റസ്’ എന്ന ഓപ്ഷനിൽ ഫോൺ നമ്പറും ജനന തീയതിയും നൽകിയാൽ ക്യുആർ (ക്വിക് റെസ്പോൺസ്) കോഡുള്ള പാസ് ലഭ്യമാകും. ഇതു പരിശോധനയിൽ‌ പൊലീസിനെ കാണിക്കാം. സൈബർഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്.

ആർക്കൊക്കെ?

അവശ്യ വിഭാഗക്കാർക്ക് ഇ പാസ് വേണ്ട, അവരുടെ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്കു നേരിട്ടോ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കാം. അടിയന്തരമായി ദീർഘദൂര യാത്ര ചെയ്യേണ്ടവർക്കും പാസ് ലഭിക്കും. മരണം, അടുത്ത ബന്ധുവിന്റെ വിവാഹം, ആശുപത്രി യാത്ര തുടങ്ങി ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾ മാത്രമേ അംഗീകരിക്കൂ. ഇപാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

വെബ്സൈറ്റിൽ Pass എന്നതിനു താഴെ പേര്, ജനന തീയതി, വിലാസം, വാഹനം, വാഹന നമ്പർ, സഹയാത്രികരുടെ വിവരങ്ങൾ, പോകേണ്ട സ്ഥലം, തീയതി, സമയം, തിരിച്ചുവരുന്ന തീയതി, മൊബൈൽ നമ്പർ, സ്ഥലം, തിരിച്ചറിയൽ രേഖയുടെ നമ്പർ (ആധാർ, വോട്ടേഴ്സ് ഐഡി, പാൻ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലുമൊന്ന്), പൊലീസ് ജില്ല എന്നിവ നൽകി Submit ചെയ്യണം. (I’m not a robot എന്നതിനു ക്യാപ്ച) നേരെയുള്ള ബോക്സിൽ ടിക് മാർക് ഇടണം.)

ദിവസേനയുള്ള യാത്രകൾക്കാണ് പാസിന് അപേക്ഷിക്കുന്നതെങ്കിൽ തുടക്കത്തിൽ ‘Applying for Daily Pass’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ജോലിക്കു പോകുന്നവരെ ഉദ്ദേശിച്ചാണ് ഈ ഓപ്ഷൻ.

പാസ് ലഭിക്കുന്നത്:

അപേക്ഷ അംഗീകരിച്ചോയെന്നറിയാൻ ഇതേ വെബ്സൈറ്റിലെ ‘Check status’ എന്ന ഓപ്ഷനിൽ മൊബൈൽ നമ്പറും ജനന തീയതിയും നൽകി Submit ബട്ടൺ ക്ലിക്ക് ചെയ്യുക. അംഗീകരിച്ചിട്ടുണ്ടെങ്കിൽ ആദ്യം നൽകിയ വിവരങ്ങളും ക്യുആർ കോഡും ഉൾപ്പെടുത്തിയ പാസ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്തോ സ്ക്രീൻഷോട്ട് എടുത്തോ സൂക്ഷിക്കാം.

യാത്രാവേളയിൽ പാസിനൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പൊലീസിനെ കാണിക്കണം. അംഗീകരിച്ചില്ലെങ്കിൽ ‘pending’ എന്നായിരിക്കും കാണിക്കുക.

എസ്എംഎസ് ആയി ആദ്യഘട്ടത്തിൽ അറിയിപ്പ് ലഭിക്കില്ലെന്നും സൈബർഡോം അധികൃതർ അറിയിച്ചു.

By Divya