ന്യൂഡൽഹി:
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനം കൊവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. ഡൽഹിയിൽ എട്ടുനിലകളിലുള്ള കെട്ടിടമാണ് ബിജെപി ആസ്ഥാനം.
രാജ്യതലസ്ഥാനത്ത് കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നതുവരെ ബിജെപിയുടെ പഴയ ഓഫിസായ അശോക റോഡ് സർക്കാർ ബംഗ്ലാവ് താൽക്കാലിക ഓഫിസായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട് മറ്റു ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സ്ഥലമാണ് ഡൽഹി. കൊവിഡ് പടർന്നതോടെ സ്റ്റേഡിയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ കൊവിഡ് താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു. വെള്ളിയാഴ്ച 19,832കേസുകളും വ്യാഴാഴ്ച 19,133 കേസുകളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 314 മരണവും സ്ഥിരീകരിച്ചു. 24.92 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.