Wed. Nov 6th, 2024
ന്യൂദല്‍ഹി:

മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വിദ്വേഷ പരമാര്‍ശം നടത്തിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിയെ നിസാരമായി കണ്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി എം പി ശശി തരൂര്‍. തേജസ്വി സൂര്യയുടെ നടപടിയെ താന്‍ ഒരിക്കലും സാധാരണമായി കണ്ടിട്ടില്ലെന്നും എന്നാല്‍ വിമര്‍ശിക്കുന്നവരോട് പൂര്‍ണമായും യോജിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

‘ലോക്‌സഭാ എം പി തേജസ്വി സൂര്യയെക്കുറിച്ച് പറഞ്ഞത് ചിലര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ നടപടിയോട് യോജിക്കുന്നില്ല. 17 മുസ്‌ലിം ജീവനക്കാരോട് മോശമായി പെരുമാറിയതിനോട് ഐക്യപ്പെടുന്നില്ല.

ഒരു സ്പൂണ്‍ മധുരം കൊണ്ട് കയ്ക്കുന്ന മരുന്ന് ഇറക്കാമെന്ന ചൊല്ലുണ്ട്. എന്നാല്‍ എല്ലാവരും ഞാന്‍ പറഞ്ഞതിലെ മധുരം മാത്രമേ കണ്ടുള്ളു. മരുന്നിനെ കണ്ടില്ല. വിമര്‍ശിച്ചവരൊക്കെ വിചാരിച്ചത് മധുരം കൊണ്ട് ഞാന്‍ അദ്ദേഹത്തെ സംരക്ഷിച്ചു എന്നും ഒരിക്കലും ക്ഷമിക്കാനാവാത്ത പ്രവൃത്തിയെ സാധാരണമാക്കിയെന്നുമാണ്. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടു പോലുമില്ല.

അതുകൊണ്ടാണ് ഒരു വിശദീകരണവുമായി രംഗത്തെത്തിയത്. വിമര്‍ശകര്‍ പറയുന്ന പോലെയല്ല, എനിക്ക് വ്യത്യസ്ത പാര്‍ട്ടിയിലുള്ള, വ്യത്യസ്ത നിലപാടുള്ള എം പിമാരുമായി ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷെ ഞാന്‍ എന്റെ വിമര്‍ശകരോട് യോജിക്കുന്നു. മതഭ്രാന്തിനെ ഒരിക്കലും സാധാരണമായി കാണാനാകില്ല,’ തരൂര്‍ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവിലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിച്ച തേജസ്വി 17 മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുകയായിരുന്നു. ഇതില്‍ പ്രതികരിച്ചുകൊണ്ട് നേരത്തെ തരൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ യുവ സഹപ്രവര്‍ത്തകനായ തേജസ്വി സൂര്യ സമര്‍ത്ഥനും കഴിവുള്ളവനും ആണെന്നും പക്ഷേ ഇത്തരത്തില്‍ ഉള്ള പെരുമാറ്റം ഒഴിവാക്കണമെന്നാണ് തേജസ്വിയോട് തനിക്ക് പറയാനുള്ളതെന്നുമാണ് തരൂര്‍ പറഞ്ഞത്.

എന്നാല്‍ തരൂരിന്റെ ഈ പ്രതികരണം തേജസ്വി സൂര്യ ചെയ്ത നടപടിയെ സാധാരണ വല്‍ക്കരിക്കുന്നതാണെന്നാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്ന പ്രതികരണം. മതഭ്രാന്ത് കാണിക്കുന്നവരോട് സ്‌നേഹമോ ക്ഷമയോ കാണിക്കേണ്ടെന്നാണ് നടന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത്. തരൂരിന്റെ ട്വീറ്റിന് താഴെയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

By Divya