Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പിനിടെ നേമത്ത്​ നിരന്തര പ്രസ്​താവനകളിലൂടെ ബിജെപിയെ വെട്ടിലാക്കിയ നേമം എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാലിന്‍റെ വക പാർട്ടിക്ക്​ വീണ്ടും ​’കൊട്ട്​’. എൽഡിഎഫിന്​ തുടർഭരണം ലഭിച്ചതിന്‍റെ ഭാഗമായി ഇടതുപ്രവർത്തകർ ദീപം തെളിച്ച് വിജയദിനം ആഘോഷിക്കുന്ന വേളയിൽ കൈയിൽ ദീപമേന്തിയ ചിത്രം ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​താണ്​ രാജഗോപാൽ ഇത്തവണ വിവാദങ്ങളിൽ ഇടംപിടിച്ചത്​.

ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച്​ #bengalvoilence, #saveBengal എന്നീ ഹാഷ്ടാഗ് നൽകിയാണ്​ ചിത്രം പോസ്റ്റ്​ ചെയ്​തത്​. എന്നാൽ, ഇത്തരമൊരു പരിപാടിക്ക്​ ആഹ്വാനം ചെയ്​തിട്ടില്ലെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എൽഡിഎഫ്​ വിജയാഹ്ലാദം നടത്തുന്ന സമയത്ത് തന്നെ ഈ ചിത്രം പോസ്റ്റ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നാണ്​ ബിജെപിയിൽ ഒരുവിഭാഗം ആരോപിക്കുന്നത്​.

രാജഗോപാലിന്‍റെ ഈ പ്രവൃത്തിയെ സിപിഎം അനുഭാവികൾ ഫേസ്​ബുക്കിൽ ആവോളം പുകഴ്ത്തുന്നുണ്ട്. അതേസമയം, തെറിവിളിയും ആക്ഷേപവുമായി സംഘ്​പരിവാർ അനുകൂലികളും രംഗത്തുണ്ട്.

By Divya