Sun. Jan 12th, 2025
കൊല്ലം:

സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കാന്‍ പൊതുമേഖല സ്ഥാപനമായ കെ എം എം എല്‍ നടപടി. നിലവില്‍ ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് നല്‍കുന്നത്. കൊല്ലം ചവറയില്‍ കെഎംഎംഎല്ലിന്‍റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും.

ഏഴുപത് ടൺ ഓക്സിജന്‍ ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് കെ എം എം എല്ലില്‍ ഉള്ളത്. 63 ടൺ വാതക രൂപത്തിലുള്ള ഓക്സിജനും ഏഴ്ടൺ ദ്രവരൂപത്തിലുള്ള ഓക്സിജനുമാണ് ഉദ്പാദിപ്പിക്കുന്നത്.വാതകരൂപത്തിലുള്ള ഓക്സിജന്‍ കെ എം എം എല്ലിലെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു.

ശേഷിക്കുന്ന ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് ആരോഗ്യമേഖലക്ക് നല്‍കുന്നത്. നിലവില്‍ സിലണ്ടറുകളില്‍ വാതക ഓക്സിജന്‍ നിറക്കുന്നതിന് ആവശ്യമായ സംവിധാനം ഇല്ല. ഇത് കണക്കിലെടുത്ത് ഇറ്റലിയില്‍ നിന്നും പുതിയ കംപ്രസ്സര്‍ എത്തിക്കാന്‍ നടപടി തുടങ്ങി. ഒരുമാസത്തിനുളളില്‍ സിലണ്ടര്‍വഴി വാതക ഓക്സിജന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതിക്ഷ

ഓക്സിജന്‍ കിടക്കകള്‍ ഉള്ള താല്‍ക്കാലിക കൊവിഡ് ആശുപത്രി ഞയറാഴ്ച ചവറയില്‍ പ്രവര്‍ത്തനംതുടങ്ങും. ആദ്യഘട്ടത്തില്‍ ഇരുനൂറ് കിടക്കകളാണ് തയ്യാറാക്കുന്നത്. കൊല്ലം ജില്ലയില്‍ സ്രവ പരിശോധനക്കായി ജില്ലാപഞ്ചായത്ത് അന്‍പത് ലക്ഷം രൂപ ചെലവിട്ട് പുതിയ ലാബ് ഉടന്‍ സജ്ജമാക്കും.

കൊല്ലം ജില്ലയില്‍ പതിനഞ്ച് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളില്‍ കൊവിഡ് പരിശോധന ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

By Divya