Sun. Jan 19th, 2025
പശ്ചിമബംഗാൾ:

ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിൻറെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമർപ്പിക്കും. പല സ്ത്രീകൾക്കും ബലാൽസംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിത കമ്മിഷൻ വ്യക്തമാക്കി.

പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവർക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ലെന്നും വനിതാ കമ്മിഷൻ അറിയിച്ചു. പശ്ചിം മേദിനിപുരിൽ ബലാൽസംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷൻ കണ്ടു.

അക്രമങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാൻ ബിജെപി തീരുമാനിച്ചു. സംഘർഷത്തിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പൊലീസ് നടപടി ആരംഭിച്ചു. വ്യാജസന്ദേശങ്ങൾക്കെതിരെ പരാതി നൽകാൻ ഹെൽപ്പ് ലൈൻ നമ്പറും ഇ മെയിൽ വിലാസവും സജ്ജമാക്കി.

മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ വനിതാ നേതാക്കൾ രാവിലെ ഗവർണർ ജഗ്ദീപ് ധൻഖറെ കാണും. വാനതി ശ്രീനിവാസൻ അടക്കം വനിതാ നേതാക്കളെ ഇന്നലെ കൊൽക്കത്തയിൽ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റു ചെയ്തിരുന്നു.

By Divya