Mon. Dec 23rd, 2024
പശ്ചിമബംഗാൾ:

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ മമതാബാനര്‍ജി രംഗത്തുവന്നതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ആഭ്യന്തരമന്ത്രലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള നാല് ഉദ്യോഗസ്ഥരെയാണ് പശ്ചിമ ബംഗാള്‍ സംഘര്‍ഷങ്ങളിലെ വസ്തുതാപരിശോധനയ്ക്ക് കേന്ദ്രം നിയോഗിച്ചത്. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സംഘം ഇന്നലെ ബംഗാളില്‍ എത്തി.

ശക്തമായ വിമര്‍ശനമാണ് കേന്ദ്ര സംഘത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ ബംഗാളിലേയ്ക്ക് സംഘത്തെ അയച്ച കേന്ദ്ര നടപടി മുന്‍ വിധിയോടെ എന്നായിരുന്നു മമത ബാനര്‍ജിയുടെ വിമര്‍ശനം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തോട് നിസഹകരണ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സംഘത്തോട് ദൗത്യം പൂര്‍ത്തിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സുരക്ഷാ വിഷയങ്ങളില്‍ വീഴ്ച ഇല്ലാതെ നോക്കാന്‍ പൊലീസ് തയ്യാറാകാത്ത പക്ഷം സിആര്‍പിഎഫ് സഹായം തേടാനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇന്നത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബാക്കിയുള്ള സംഘം ഡല്‍ഹിക്ക് മടങ്ങും.

അതേസമയം ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനം ആക്രമിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് കണ്ടെത്തി. പശ്ചിം മേദിനിപുര്‍ എസ്പിയാണ് ബംഗാള്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്രമന്ത്രിയുടെ സംഘത്തെ ആക്രമിച്ച സംഘത്തിലെ എട്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

By Divya