കൊൽക്കത്ത:
മെയ് 2 ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജയിച്ച ബിജെപി എംഎല്‍എമാരില്‍ 51 ശതമാനം പേരും ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 34 ശതമാനം പേരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. അതായത് ബിജെപിയുടെ പകുതിയിലധികം എംഎല്‍എമാരും ത്രിണമൂലിന്‍റെ മൂന്നിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ത്രിണമൂലിന്‍റെ 213 എംഎല്‍എമാരില്‍ 73 പേരും 77 ബിജെപി എംഎല്‍എമാരില്‍ 39 എംഎല്‍എമാരുമാണ് ക്രിമിനല്‍ കേസ് പ്രതികള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച 292 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ആകെയുള്ള 294 മണ്ഡലങ്ങളില്‍ ജന്‍ഗിപൂരിലും സംസെര്‍ഗെഞ്ചിലും സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.