ന്യൂഡൽഹി:
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് യു പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റൈഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായി യു പിയിലെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് റൈഹാനത്ത് പറഞ്ഞു.
കാപ്പൻ ഫോൺ ചെയ്താണ് യു പിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും കാപ്പൻ കൊവിഡ് മുക്തനായിരുന്നില്ല. ചികിത്സ പൂർത്തിയാക്കാതെ തിരക്കിട്ട് യു പിയിലേക്ക് കൊണ്ടുപോയതെന്തിനെന്ന് വ്യക്തമല്ല.
കൊവിഡ് പോസിറ്റീവായതിനാൽ മഥുരയിലെ ജയിലിലെ ചെറിയ മുറിക്കുള്ളിൽ അടച്ചിട്ടിരിക്കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടാതെയാണ് എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.- റൈഹാനത്ത് പറഞ്ഞു.
കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു പി ഹൈക്കോടതിയിൽ റൈഹാനത്ത് സമർപ്പിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് രഹസ്യമായി യു പിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും റൈഹാനത്ത് പറഞ്ഞു.