Fri. Nov 22nd, 2024
തമിഴ്നാട്:

കമൽ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി. ജനാധിപത്യ രീതിയിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാർട്ടി വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ, വി പൊൻരാജ് അടക്കം പത്തോളം പേരാണ് പാർട്ടി വിട്ടത്. നേതൃത്വത്തിന്റെ പ്രവർത്തന ശൈലി അംഗീകരിക്കാൻ കഴിയില്ലെന്നും ചിലരുടെ മാത്രം കൈപ്പിടിയിലാണെന്നും രാജിക്കുശേഷം മഹേന്ദ്രൻ ആരോപിച്ചു.

പാർട്ടി ജനറൽ സെക്രട്ടറിമാരായ എ ജി മൗര്യ, ഉമാദേവി, സി കെ കുമരാവേൽ, എം മുരുകാനന്ദം, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുരേഷ് അയ്യർ എന്നിവരും രാജി സമർപ്പിച്ചു. നിയസഭാ തിരഞ്ഞെടുപ്പിൽ സിംഗനല്ലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച മഹേന്ദ്രൻ, രാജിക്കൊപ്പം പാർട്ടി വിടുന്നതിന്റെ കാരണം വിശദീകരിച്ച് അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം ശരിയായ രീതിയിൽ ആയിരുന്നില്ലെന്നും ഇത് അംഗീകരിക്കാൻ കമൽഹാസൻ തയ്യാറായില്ലെന്നും മഹേന്ദ്രൻ ആരോപിച്ചു.

അതേസമയം മക്കൾ നീതി മയ്യം സ്വയം വിമർശനം നടത്തുന്ന പാർട്ടിയല്ലെന്ന് വി പൊൻരാജ് വിമർശിച്ചു. എപിജെ അബ്ദുൽ കലാമിന്റെ ശാസ്ത്ര ഉപദേശകനായ പൊൻരാജ് കഴിഞ്ഞ മാർച്ചിലാണ് മക്കൾ നീതി മയ്യത്തിൽ ചേർന്നത്. സ്ഥാപക നേതാക്കളിലൊരാളായ കമീലാ നാസർ നിയമസഭയിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.

By Divya