കുവൈത്ത് സിറ്റി:
വിദേശികളുടെ പ്രവേശന വിലക്ക് രാജ്യത്തെ വികസന പദ്ധതികൾ വൈകിപ്പിക്കുന്നു. വൈദ്യുതി, വെള്ളം, ഭവന പദ്ധതികൾ 20 മുതൽ 25 ശതമാനം വരെ വൈകിയാണ് പുരോഗമിക്കുന്നത്. തൊഴിലാളിക്ഷാമമാണ് കാരണം.
അവധിക്ക് നാട്ടിൽപോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാത്തതും പുതിയ തൊഴിലാളികളെ കൊണ്ടുവരാൻ കഴിയാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. കർഫ്യൂ കാരണം ജോലി സമയം കുറഞ്ഞതും പദ്ധതി വൈകലിന് കാരണമാകുന്നു. കർഫ്യൂകൊണ്ട് മെച്ചമുണ്ടായത് റോഡ് വികസന പദ്ധതികൾക്ക് മാത്രമാണ്.
ഇരട്ടി വേഗത്തിലാണ് റോഡ് പണി പുരോഗമിക്കുന്നത്. രാത്രി റോഡ് ഒഴിയുന്ന സമയം ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി. ഗതാഗത ക്രമീകരണത്തിന് സമയം കളയേണ്ടെന്നതാണ് മെച്ചം. വിദേശ തൊഴിലാളികളുടെ വരവ് ഇനിയും ഏറെനാൾ നീളുകയാണെങ്കിൽ പദ്ധതികൾ മുൻ നിശ്ചയിച്ചതിനെക്കാൾ 40 ശതമാനം സമയം വൈകുമെന്നാണ് വിലയിരുത്തൽ.
കരാർ അനുസരിച്ചുള്ള സമയക്രമത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്.