ന്യൂഡൽഹി:
കൊവിഡിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നിനും നികുതി ചുമത്തി കേന്ദ്രസർക്കാർ. ജനം തെരുവിൽ മരിച്ച് വീഴുമ്പോഴും മെഡിക്കൽ ഉപകരണങ്ങളുടെ നികുതിയിലൂടെ പണമുണ്ടാക്കുന്ന കേന്ദ്രസർക്കാറിൻറെ സമീപനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്ന് കഴിഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ. ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് 12 ശതമാനം ഐജിഎസ്ടി നികുതിയായി നൽകണം. നേരത്തെ 28 ശതമാനമായിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററിൻറെ നികുതി. ഇത് 12 ശതമാനമായി പിന്നീട് കുറക്കുകയായിരുന്നു.
എന്തുകൊണ്ടാണ് കൊവിഡ് രോഗികൾക്ക് ഏറ്റവും സഹായകരമായ ഒരു ഉപകരണത്തിൻറെ നികുതി പൂർണമായും ഒഴിവാക്കത്തതെന്നാണ് ഉയരുന്ന ചോദ്യം. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡെസിവീർ പോലുള്ള മരുന്നങ്ങൾക്കും ജനം ഇപ്പോഴും നികുതി നൽകണം.
ഓക്സിജൻ സിലിണ്ടറുകൾക്ക് 12 ശതമാനമാണ് ഇപ്പോഴും നില നിൽക്കുന്ന നികുതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആശുപത്രികൾ നിറഞ്ഞതോടെ കൊവിഡ് രോഗികളെ വീട്ടിൽ ചികിത്സിക്കേണ്ട സാഹചര്യമാണുളളത്.
ഇത്തരത്തിൽ വീട്ടിലെ ചികിത്സ ചെലവ് കുറക്കുന്നതിന് മരുന്നുകളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും നികുതികൾ ഒഴിവാക്കായാൽ ഒരു പരിധി വരെ സാധിക്കുമെന്നിരിക്കെയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിൻറെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാവാത്തത്.