Mon. Dec 23rd, 2024
ബെംഗളൂരു:

പ്രതിദിനം കൊവിഡ് രോഗവ്യാപന സാഹചര്യം മോശമാകുന്നതിന്റെ ഭീതിയിലും ആശങ്കയിലും ബെംഗളൂരു മലയാളികൾ. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടെന്ന് പീനിയയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ശ്രീരാജ്. തന്റെ താമസസ്ഥലത്തു നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെ എസ്ആർഎം ജംക്‌ഷനിലുള്ള ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്ന ആംബുലൻസുകൾ ഒന്നിനു പിറകെ ഒന്നായി ഊഴംകാത്ത് നിർത്തിയിട്ടിരിക്കുകയാണ്. ലക്ഷ്മിപുര ക്രോസിലും സുമ്മനഹള്ളിയിലും നഗരപരിസരത്തുള്ള മറ്റു ശ്മശാനങ്ങളിലും സമാന സാഹചര്യമാണുള്ളത്.

മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തികളുടെ പുരയിടങ്ങളിൽ സംസ്കരിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ശ്മശാനങ്ങളിൽ സംസ്കരിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മൂന്നു ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നത് മരിക്കുന്നവരുടെ ബന്ധുക്കളെ ദുരിതത്തിലാക്കുന്നുണ്ട്.

ദിവസങ്ങളോളം ഉയർന്ന ആംബുലൻസ് വാടക നൽകേണ്ടി വരുന്നത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കും ബുദ്ധിമുട്ടാകുന്നതായി ബെംഗളൂരു മലയാളിയായ കുന്നംകുളം സ്വദേശി ലിജോ ജോസ് ചീരൻ പറയുന്നു. ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാത്തത് രോഗം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് തടസമാകുന്നുണ്ട്. ഇതിനിടെ രോഗികളുമായി എത്തുന്നത് നിയന്ത്രിക്കാനാകാതെ വന്നതോടെ കിടക്കൾ ലഭ്യമല്ലെന്ന ബോർഡുകൾ ആശുപത്രികൾക്കു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

ഈ സാഹചര്യം മറികടക്കാൻ കൂടുതൽ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി നാലേക്കറിൽ ശ്മശാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ.

By Divya