മസ്കറ്റ്:
ഒമാനിലെ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷമാണ് രാജ്യത്ത് രോഗവ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരത്തിൽ കുറവും മരണം പത്തിൽ കുറവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മുൻ ദിവസങ്ങളിലെ കണക്കുകളേക്കാൾ കുറവാണിത്. ആശ്വാസം നൽകുന്ന കാര്യമാണിതെങ്കിലും മാനദണ്ഡം ലംഘിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കൈവിടുമെന്നാണ് ആരോഗ്യ-ദുരന്തനിവാരണ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.
ആളുകൾ വേണ്ടത്ര മുൻകരുതൽ എടുക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നതായി അൽ നഹ്ദ ആശുപത്രിയിലെ ഡോ മഹ്മൂദ് അൽ റഹ്ബി പറയുന്നു.
കൊറോണ വൈറസിനെ മറികടക്കാൻ നമുക്ക് കഴിയും. പക്ഷേ പകർച്ചവ്യാധിയുടെ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ പലരും ശ്രദ്ധിക്കുന്നില്ല എന്നത് ആശങ്കജനകമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടർച്ചയായി കൈകഴുകുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.