Sun. Dec 22nd, 2024
പാലക്കാട് / എറണാകുളം:

സംസ്ഥാനത്ത് വാക്സീൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക്. എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സീൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്.

എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്. നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ നിൽക്കുന്നത്. പൊലീസ് അടക്കമെത്തി നിരക്ക് നിയന്ത്രിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്.

പാലക്കാട്ടും വാക്സീനേഷൻ ക്യാമ്പുകളിൽ ഇന്നും വലിയ തിരക്കാണുള്ളത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ റോഡിലടക്കം ക്യൂ തുടരുകയാണ്. പരമാവധി 340 പേർക്കുള്ള വാക്സീൻ ആണ് ഇവിടെ ഇന്ന് സ്റ്റോക്കുള്ളത്. എന്നാൽ അതിന് ഇരട്ടിയോളം പേർ ക്യൂവിൽ നിൽക്കുന്നുണ്ട്.

By Divya