Sat. Nov 23rd, 2024
ന്യൂഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.

അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്. മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്‌ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു.

മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്‌ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

By Divya