Fri. Mar 29th, 2024
മുംബൈ:

വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പറഞ്ഞു.

ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അനുമതി നല്‍കാന്‍ ഗ്രൂപ്പ് അഡ്മിന് പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം അഡ്മിന് ഏറ്റെടുക്കാനാവില്ല. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുക, ഒഴിവാക്കുക, ഉചിതമല്ലാത്ത പോസ്റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളെ  ഗ്രൂപ്പ് അഡ്മിനുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

ഗ്രൂപ്പില്‍ അംഗമായവര്‍ക്ക് അഡ്മിനിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്തുതരം പരാമര്‍ശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കിലേ അതിന്റെ പേരില്‍ അഡ്മിനെതിരെ നടപടിയെടുക്കാനാവു എന്നും കോടതി പറഞ്ഞു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരെ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.

By Divya