കൊല്ലം:
പ്രളയകാലത്ത് ആടുകളെ വിറ്റ് പണം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വാർത്തയിൽ നിറഞ്ഞ സുബൈദുമ്മ വീണ്ടും ശ്രദ്ധേയയാകുന്നു. ഇത്തവണ ആടിനെ വിറ്റ് വാക്‌സിനുള്ള പണം ദുരിതാശ്വാസ നിധിയില്‍ നല്‍കി.
‘രാവിലെ ടിവിയിൽ കണ്ട വാർത്തയിൽ കോവിഡ് പ്രതിരോധത്തിന് മരുന്ന് പണം കൊടുത്താണ് സർക്കാർ വാങ്ങുന്നതെന്ന് അറിഞ്ഞു. കാശുകൊടുത്ത് മരുന്നു വാങ്ങാൻ കഴിയാത്തവരെ സഹായിക്കാനാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. 400 രൂപയാണ് വാക്സിൻ വില. അതെടുക്കാൻ ഉള്ളവരും ഇല്ലാത്തവരും കാണും. എനിക്കൊന്നും ഉണ്ടായിട്ടല്ല, എന്നാൽ, കാശില്ലാത്തതിന്റെ പേരിൽ ആരും രോഗംവന്ന് മരിക്കാൻ പാടില്ല. അതുകൊണ്ടാണ് സംഭാവന നൽകിയത്’- സുബൈദുമ്മ പറയുന്നു.
വെള്ളിയാഴ്ച രാവിലെ ടിവിയിലൂടെയാണ് വാക്സിൻ ചലഞ്ചിനെപ്പറ്റി സുബൈദ ഉമ്മ അറിയുന്നത്. ഉടൻ ഭർത്താവ് അബ്ദുൽ സലാമിനോട് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്ന് പറഞ്ഞു. വൈകാതെ കലക്ടറെ നേരിൽക്കണ്ട് തുക കൈമാറുകയായിരുന്നു.
സംഭാവന നൽകുന്ന കാര്യം മറ്റാരും അറിയരുതെന്ന് കലക്ടറോട് പറഞ്ഞിരുന്നു. വെള്ളിയാഴ്‌ച വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുബൈദയുടെ പേര് പരമാർശിച്ചതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി പള്ളിത്തോട്ടത്തെ ചായക്കടയിലേക്ക് എത്തിയത്.
https://www.youtube.com/watch?v=z9vQrRzH7O0