തിരുവനന്തപുരം:
കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല. സർക്കാറിനും ആരോഗ്യവകുപ്പിനും പൂർണ പിന്തുണ നൽകാമെന്ന് യുഡിഎഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ട്. ഒന്നാം തരംഗമുണ്ടായപ്പോഴും സർക്കാറിന്‍റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.
കൊവിഡ് പ്രതിരോധത്തിനായി കെപിസിസി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സർക്കാറിന്‍റെ എല്ലാ നല്ല ഉദ്യമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകും. വെറുതെ ബഡായി അടിക്കുന്നവരായി സർക്കാർ മാറരുത്.
കൊവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയപാർട്ടികളേയും സർക്കാർ വിശ്വാസിത്തിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രസർക്കാർ വാക്സിൻ പൂർണമായും സൗജന്യമായി നൽകണം. വാക്സിൻ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.